Friday, January 26, 2018

താര്‍ത്താരീ വിപ്ലവം;നമുക്കൊരു പാഠമുണ്ട്



ഹാഫിള് ഫൈസല്‍ ബദ്‌രി അല്‍ഖാസിമി

ഒരിക്കല്‍ താര്‍ത്താരികളുടെ ഒരു സംഘത്തെ അതില്‍ രഹസ്യാന്വേശകരുണ്ടെന്ന് പറഞ്ഞ് ഖവാറസം രാജാവ് കൊന്നുകളഞ്ഞു. കാര്യമന്വേഷിക്കാന്‍ അവരുടെ നേതാവ് ചെങ്കിസ്ഖാന്‍ ദൂതന്മാരെ അയച്ചു. ഖവാറസം അവരുടെ നേതാവിനെയും വധിച്ചു. വിവരമറിഞ്ഞ ചെങ്കിസ്ഖാന്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ''ആകാശത്ത് രണ്ട് സൂര്യന്മാര്‍ ഉണ്ടാകാത്തത് പോലെ ഭൂമിയില്‍ രണ്ട് ചക്രവര്‍ത്തിമാന്‍ ഉണ്ടാകാന്‍ പാടില്ല.'
അങ്ങനെ ചെങ്കിസ്ഖാന്റെ നേതൃത്വത്തില്‍ താര്‍ത്താരികള്‍ യുദ്ധത്തിനായി പുറപ്പെട്ടു. ആദ്യമായി അവര്‍ ബുഖാറയിലെത്തി. അവരവിടം തകര്‍ത്തു തരിപ്പണമാക്കി. പട്ടണവാസികളെ മുഴുവന്‍ കൊന്നൊടുക്കി. സമര്‍ഖന്ദ്, റയ്യ,് ഹമദാന്‍, ഖസ്‌വീന്‍ തുടങ്ങിയ പ്രശസ്തമായ ഇസ്‌ലാമിക പ്രദേശങ്ങള്‍ക്കും ഇതേ ഗതി തന്നെയായിരുന്നു. താര്‍ത്താരികളുടെ ധീരമായ പടപ്പുറപ്പാട് കണ്ട് ഖവാറസം വിരണ്ടോടി. അവര്‍ അയാളെ ഒരു ദ്വീപില്‍ വെച്ചു വധിച്ചു. ഖവാറസമിന്റെ പതനത്തോടെ ഇറാഖും തുര്‍ക്കിയുമടക്കമുള്ള പശ്ചിമപ്രദേശങ്ങള്‍ താര്‍ത്താരികള്‍ അധീനപ്പെടുത്തി. അവിടുത്തെ ജനങ്ങള്‍ ഭയന്നുവിറച്ചു. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍  ഒരു വീട്ടില്‍ ഒരു താര്‍ത്താരിയെന്ന നിലയില്‍ കടന്നുചെന്ന് കൊലയുടെ പരമ്പര തന്നെ നടത്തി. 
മുസ്‌ലിം നാടുകള്‍ ഒന്നൊന്നായി തൂത്തുവാരി അവര്‍ ബാഗ്ദാദിലുമെത്തി. ഇസ്‌ലാമിക ഖിലാഫത്തിന്റെ സിരാകേന്ദ്രവും ഏറ്റവും വലിയ വൈജ്ഞാനികകേന്ദ്രവും നാഗരികതയുടെ ഈറ്റില്ലവുമായിരുന്ന ബാഗ്ദാദിനെ നാമാവശേഷമാക്കുകയായിരുന്നു ചെങ്കിസ്ഖാന്റെ ലക്ഷ്യം. ഇബ്‌നു കസീര്‍ (റ) പറയുന്നു: ബാഗ്ദാദില്‍ നാല്‍പതു ദിവസം വരെ കൊള്ളയും കൊലയും ചൂടു പിടിച്ചു കിടന്നു. ഏറ്റവും പ്രകാശപൂരിതമായിരുന്ന ഈ നഗരം നാല്‍പതു ദിവസത്തിനു ശേഷം ശ്മശാന തുല്യമായി. കമ്പോളങ്ങളിലും വഴികളിലും ശവകൂമ്പാരങ്ങള്‍ കാണപ്പെട്ടു.(അല്‍ ബിദായതു വന്നിഹായ 9/86) 
ബാഗ്ദാദിലെ ഖലീഫയായിരുന്ന മുഅ്തസിമിനെ ഒരു കൂടാത്തില്‍ കെട്ടിയിട്ടു. സന്ധിപത്രത്തില്‍ ഒപ്പിടുന്നതിനു സാക്ഷി നില്‍ക്കാനെന്നു പറഞ്ഞ് പണ്ഡിതരെയും പ്രമാണിമാരെയും വിളിച്ചുവരുത്തി ഓരോരുത്തരെ വീതം വധിച്ചുകൊണ്ടിരുന്നു. ഖലീഫയുടെ രക്തം ഭൂമിയില്‍ വീണാല്‍ അത് നാശത്തില്‍ കലാശിക്കുമെന്നു ഭയന്ന് അദ്ദേഹത്തെ ഒരു പായയില്‍ കെട്ടി അടിച്ചുകൊന്നു. പരസ്യമായി മദ്യപാനം നടത്തുവാനും പന്നിമാംസം ഭക്ഷിക്കുവാനും ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. റമളാന്‍ മാസമായിരുന്നിട്ടും മുസ്‌ലിംകളെ അതിനു വേണ്ടി നിര്‍ബന്ധിച്ചു. മസ്ജിദുകളില്‍ കള്ള് ഒഴിക്കുകയും ബാങ്കിനെ നിരോധിക്കുകയും ചെയ്തു.
ബാഗ്ദാദിനു ശേഷം അക്രമികള്‍ ഹലബിലേക്കാണ് നീങ്ങിയത്. അവിടെയും ബാഗ്ദാദ് ആവര്‍ത്തിക്കുകയായിരുന്നു. ശേഷം അവര്‍ ഡമസ്‌കസിലേക്ക് തിരിച്ചു. 658 ജമാദുല്‍ ഊലായില്‍ അവര്‍ ഡമസ്‌കസ് കീഴടക്കി. ഇബ്‌നു കസീര്‍ (റ) വിവരിക്കുന്നതിങ്ങനെ: ക്രൈസ്തവര്‍ കുരിശുകള്‍ ഉയര്‍ത്തിപ്പിടിച്ച് പട്ടണത്തിലേക്കു വന്നു. ഈശോമിശിഹായുടെ സത്യമതം വിജയിച്ചിരിക്കുന്നുവെന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവര്‍ പരസ്യമായി നിന്ദിച്ചു. അവരുടെ കൈകളിലുണ്ടായിരുന്ന മദ്യക്കുപ്പികളില്‍ നിന്നും മസ്ജിദുകളിലും മുസ്‌ലിംകളുടെ മുഖത്തും ശരീരത്തും അവര്‍ കുടഞ്ഞു. ഇതിനെല്ലാമെതിരെ മുസ്‌ലിംകള്‍ സംഘടിച്ച് താര്‍ത്താരി ഭരണകൂടത്തോട് പരാതി ബോധിപ്പിച്ചുവെങ്കിലും അവരെ നിന്ദ്യരായി മടക്കുകയും ക്രൈസ്തവ നേതാക്കളുടെ വാക്കുകള്‍ അവര്‍ വിലയ്‌ക്കെടുക്കുകയും ചെയ്തു. ഇന്നാ ലില്ലാഹ്..(അല്‍ ബിദായ 9/102,103)
തുടര്‍ന്ന് താര്‍ത്താരികള്‍ ഈജിപ്തിനെ ലക്ഷ്യം വെച്ചു നീങ്ങി. അവരില്‍ നിന്നും രക്ഷപ്പെട്ട ഒരേയൊരു രാജ്യം അതായിരുന്നു. അതുകൂടി കൈപ്പടയില്‍ ഒതുക്കാമെന്ന അതിമോഹവുമായി അവര്‍ പുറപ്പെട്ടു. എന്നാല്‍ എതിരിട്ടാല്‍ ജയം അസാധ്യമായ താര്‍ത്താരികളെ ഈജിപ്ത് രാജാവ് സൈഫുദ്ദീന്‍ ഖതറും തന്റെ സൈനികവ്യൂഹവും അടിയറവു പറയിച്ചു. ഈജിപ്തിലേക്ക് കടക്കാനനുവദിക്കാതെ സിറിയയിലേക്കു വന്ന് ഐനുല്‍ ജാലൂത്ത് എന്ന സ്ഥലത്തുവച്ച് അദ്ദേഹം അവരുമായി ഏറ്റുമുട്ടി. ഗതകാലാനുഭവങ്ങള്‍ക്കു വ്യത്യസ്തമായി താര്‍ത്താരികള്‍ നാണംകെട്ടു തോറ്റോടി. മുസ്‌ലിംകള്‍ പിന്നാലെ ചെന്ന് ധാരാളമാളുകളെ വധിക്കുകയും തടവിലാക്കുകയും ചെയ്തു. 658 റമദാന്‍ 25 നായിരുന്നു വിശ്വാസികള്‍ ഈ അട്ടിമറി വിജയം കൈവരിച്ചത്.(അല്‍ ബിദായ 9/104)
 അത്യത്ഭുതമെന്ന് പറയട്ടെ, മുസ്‌ലിംകളുടെ ചുടുചോര ഊറ്റിക്കുടിച്ചവരുടെ നെഞ്ചുകളില്‍ അല്ലാഹു വിശ്വാസത്തിന്റെ മണി സൗധം പണിതുയര്‍ത്തി. താര്‍ത്താരികളില്‍ ഇസ്‌ലാം പ്രചരിച്ചു. സമുദ്രം, വനം, പര്‍വ്വതം, കാലാവസ്ഥ, ക്ഷാമം, വ്യാധി ഇതൊന്നും പിന്തിരിപ്പിക്കാത്തവരും ആയുധങ്ങള്‍ ഭയപ്പെടാത്തവരും കോട്ടകള്‍ നിയന്ത്രിക്കാത്തവരും നിരപരാധികളുടെ നിലവിളികള്‍ ചലനമുണ്ടാക്കാത്തവരുമാണ് താര്‍ത്താരികളെന്നാണ് ചരിത്രകാരന്മാര്‍ അവരെ വിശേഷിപ്പിക്കാറ്. അത്തരക്കാരെയാണ് ദൈവപ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട് കറകളഞ്ഞ ഇഖ്‌ലാസും മഹത്തായ ആദര്‍ശവും ആയുധമാക്കിയ ഒരു പറ്റം പ്രബോധകര്‍ കീഴടക്കിയത്. അവരില്‍ നിന്നും സമുന്നതരായ പണ്ഡിതരും സൂരികളായ കര്‍മ്മശാസ്ത്രവിദഗ്ധരും വളര്‍ന്നുവന്നു. ഒരുവേള ഇസ്‌ലാമിക ലോകത്തെ ചവിട്ടിയരയ്ക്കാന്‍ കച്ചകെട്ടിയ താര്‍ത്താരികള്‍ നിരവധി ഘട്ടങ്ങളില്‍ ദീനിന്റെ കാവലാളുകളായി നിലകൊണ്ടു. അതുകൊണ്ടായിരിക്കണം അല്ലാമാ ഇഖ്ബാല്‍ പറഞ്ഞത്: സത്യം തന്നെ,  താര്‍ത്താരികളുടെ ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്ന കാര്യമിതാണ്; വിഗ്രഹാലയത്തില്‍ നിന്നും കഅ്ബയ്ക്ക് സേവകരെ ലഭിച്ചു.
 മുസ്‌ലിം ലോകത്തിന് വന്‍നാശം വിതച്ച താര്‍ത്താരി വിപ്ലവം ഒരു രാജാവിന്റെ ബുദ്ധിരഹിതമായ തീരുമാനം വരുത്തിവച്ചതാണെന്നു കരുതരുത്. അതൊരു ബാഹ്യമായ കാരണം മാത്രമാണ്. അതിന്റെ ആത്മീയമായ കാരണങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടക്കം കുറിച്ചിരുന്നു. അന്നത്തെ മുസ്‌ലിംകളുടെ സാമൂഹിക സാംസ്‌കാരിക മേഖലകളെ ഗഹനമായി പഠിച്ചാല്‍ അവര്‍ ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ചിരുന്നുവെന്നു മനസ്സിലാക്കാം.
 സുല്‍ത്താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി ദിവംഗതനായ ശേഷം പ്രവിശാലമായ ഭരണകൂടം അദ്ദേഹത്തിന്റെ സന്താനങ്ങളിലും കുടുംബക്കാരിലുമായി വിഭജിക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ പോലെ മഹല്‍ഗുണങ്ങള്‍ സിദ്ധിച്ചവരായിരുന്നില്ല. നാളുകളോളം അവര്‍ പരസ്പരം കടിച്ചുകീറിക്കൊണ്ടിരുന്നു. തരം കിട്ടുമ്പോഴൊക്കെ സ്വന്തം സഹോദരങ്ങള്‍ക്കെതിരെ കുരിശ് യോദ്ധാക്കളുടെ സഹായം തേടാനും അവര്‍ മടി കാണിച്ചില്ല. മുസ്‌ലിംകള്‍ ഭിന്നതയിലായപ്പോള്‍ ഫ്രഞ്ചുകാരും കുരിശുപടയും അവസരം മുതലെടുത്തു. അവര്‍ ഇസ്‌ലാമിക പട്ടണങ്ങളില്‍ അഴിഞ്ഞാടി. ഈജിപ്തിലും അവസ്ഥ വിപരീതമായിരുന്നില്ല. ആദില്‍ അഫ്‌സല്‍ എന്നിവരുടെ പരസ്പരാക്രമണം കാരണം ദാരിദ്ര്യം കഠിനമായി. വിലക്കയറ്റം രൂക്ഷമായി. ജനങ്ങള്‍ പട്ടിയെയും ശവത്തെയും ഭക്ഷണമാക്കി. പിഞ്ചുകുഞ്ഞുങ്ങളെ വരെ വേവിച്ചു കഴിക്കാന്‍ തുടങ്ങി.
 ഹിജ്‌റ 601 ല്‍ ഒരൊറ്റ കുടുംബത്തില്‍ പെട്ട മക്ക അമീര്‍ ഖത്താദ ഹുസൈനിയും മദീന അമീര്‍ സാലിം ഹുസൈനിയും തമ്മില്‍ രൂക്ഷമായ യുദ്ധം നടന്നു. അങ്ങനെ മുസ്‌ലിം മുസ്‌ലിമിനെ വധിച്ചു കൊണ്ടിരുന്നു. (വിവരണത്തിന്: അല്‍ ബിദായത്തു വന്നിഹായ 8/504-508,545)
 മറുഭാഗത്ത് ഇസ്‌ലാമിക ഖിലാഫത്തിന്റെ കേന്ദ്രമായിരുന്ന ബാഗ്ദാദില്‍ ആഡംബര സുഖലോലുപതയ്ക്കും ഭൗതിക ഭ്രമത്തിനും അടിമകളായി മുസ്‌ലിംകള്‍ മാറി. സമ്പത്തുണ്ടാക്കുന്നതിലും അത് ചെലവഴിക്കുന്നതിലും പെരുമ കാണിക്കാന്‍ തുടങ്ങി. ഖലീഫയുടെ സേവകന്‍മാരുടെ മക്കളുടെ കല്യാണത്തിനു ചെലവഴിക്കുന്ന സമ്പത്തിന്റെ അളവു പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പെരുന്നാള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പൊങ്ങച്ച പ്രകടനങ്ങള്‍ നടത്താനും ദീനി വിധികള്‍ ഉപേക്ഷിക്കാനും ഒരു മടിയുമില്ലായിരുന്നു. ഹിജ്‌റ 640 ലെ പെരുന്നാള്‍ ഘോഷയാത്ര അവസാനിച്ചത് രാത്രിയിലായിരുന്നു. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത് പാതിരാത്രിയില്‍ ആയിരുന്നുവത്രേ.
കളി വിനോദങ്ങള്‍ വ്യാപകമായി. പാട്ടുകാരികളും നര്‍ത്തകികളും പെരുകി. പണം വാരിക്കൂട്ടുക മാത്രമായി ലക്ഷ്യം. ഇത്തരത്തില്‍ മുസ്‌ലിംകള്‍ അങ്ങേയറ്റം പരിധി വിട്ട ഘട്ടത്തിലാണ് താത്താരികളുടെ പുറപ്പാട് ഉണ്ടായത്. ആദ്യം രാജവംശത്തെയും ശേഷം മുഴുവന്‍ മുസ്‌ലിം ലോകത്തെയും അവര്‍ ആക്രമിച്ചു.
വാസ്തവത്തില്‍, പ്രസ്തുത ദുരന്തം തിരുവചനത്തിന്റെ വ്യക്തമായ പുലര്‍ച്ച തന്നെയായിരുന്നു. നബി (സ) അരുള്‍ ചെയ്തു: ''എന്റെ സമുദായത്തിന് ഒരു കാലം വരാനിരിക്കുന്നു. അന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഭക്ഷണത്തളികയിലേക്കു കൈ നീട്ടുന്നതു പോലെ മറ്റുള്ള സമുദായങ്ങള്‍ നിങ്ങളുടെ മേല്‍ ചാടിവീഴും. അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'അന്ന് ഞങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കമോ? തങ്ങള്‍ പറഞ്ഞു: 'അല്ല, മറിച്ച് നിങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും. പക്ഷെ, നിങ്ങള്‍ ഒലിവെള്ളത്തിലെ നുര പോലെയായിരിക്കും. ശത്രുക്കളുടെ മനസ്സില്‍ നിന്ന് നിങ്ങളെക്കുറിച്ചുള്ള ഭയം നീക്കിക്കളഞ്ഞിട്ടുണ്ടാകും. നിങ്ങളുടെ മനസ്സില്‍ വഹ്‌ന് സ്ഥാനം പിടിക്കുകയും ചെയ്യും.' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'എന്താണ് പ്രവാചകരെ വഹ്‌ന്? തങ്ങള്‍ അരുളി: 'ഭൗതിക സ്‌നേഹവും മരണവെറുപ്പുമാണത്.' (അബൂ ദാവൂദ്)
ചരിത്രത്തിന് ആവര്‍ത്തനസ്വഭാവമുള്ളതുകൊണ്ടും അന്നത്തെ മുസ്‌ലിംകളുടെ അവസ്ഥകളെ തൊട്ട് നാം അന്യരല്ലാത്തതു കൊണ്ടും അതു പോലൊരു ദുരന്തം നമ്മിലേക്കും വന്നുകൂടായ്കയില്ല. പരസ്പര കലഹം, സുഖാഡംബരങ്ങള്‍, ഭൗതിക പ്രേമം, ദീനീ വിധിവിലക്കുകളോടുള്ള പുച്ഛം, കളി വിനോദങ്ങള്‍ തുടങ്ങിയവയാണ് ഇവരെ പിടികൂടിയ മാരകരോഗങ്ങള്‍. അതിനുള്ള മരുന്നുമായി താര്‍ത്താരികളെ അയയ്ക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് പൂര്‍ണശമനം ലഭിച്ചു. അത്തരത്തില്‍ വന്‍ ദുരന്തങ്ങളുടെ രൂപത്തില്‍ മരുന്നുകള്‍ ലഭ്യമായാലേ നമ്മുടെ രോഗങ്ങള്‍ക്ക് ശമനമുണ്ടാവുകയുള്ളൂ എങ്കില്‍ അല്ലാഹുവിന് അത് അസാധ്യമല്ല. താര്‍ത്താരി വിപ്ലവം അതിനുള്ള തെളിവുകളില്‍ ആയിരത്തിലൊന്നു മാത്രം. അനുനിമിഷം ഫിത്‌നകള്‍ പെരുകിക്കൊണ്ടിരിക്കുന്ന അഭിനവയുഗത്തില്‍ അധാര്‍മ്മികതയുടെ കുത്തൊഴുക്കില്‍ പെട്ടുപോകാതെ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

No comments:

Post a Comment