Tuesday, January 30, 2018

ദുഃഖിക്കരുത്; അല്ലാഹു നമ്മോടൊപ്പമുണ്ട്




ആഴക്കടലില്‍ തെന്നിനീങ്ങുന്ന ഉരു കണക്കെ സഞ്ചരിക്കുന്ന നമ്മിലേക്ക് പ്രശ്‌നങ്ങളും പ്രയാസങ്ങളും കൂറ്റന്‍ തിരമാലകളെപ്പോലെ മുന്നിട്ടു വരുമ്പോള്‍ പരിഹാരമൊന്നുമില്ലെന്നു വന്നാല്‍, വാതിലുകളെല്ലാം അടയുമ്പോള്‍, പ്രതീക്ഷകള്‍ മുഴുവന്‍ അസ്തമിക്കുമ്പോള്‍ ഇരുകൈകളും അല്ലാഹുവിലേക്കുയരുന്നു; നാമറിയാതെ വിളിച്ചുപോകും: നാഥാ..! അല്ലാഹു പറഞ്ഞതും അതു തന്നെ. 'അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൗകര്യം നല്‍കുന്നത്. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റു നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്കു വന്നെത്തി. എല്ലായിടത്തു നിന്നും തിരമാലകള്‍ അവരുടെ നേര്‍ക്കു വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു.'(യൂനുസ്)
ചിലപ്പോഴൊക്കെ, മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ നമ്മിലേക്കു വരുമ്പോള്‍ 'അല്ലാഹു നമ്മോടൊപ്പമുണ്ട് ' എന്ന ചിന്ത നമ്മില്‍ അന്യമാകുന്നു. അവസാനം അവനല്ലാതെ മറ്റൊരു അഭയവുമില്ല, പ്രാര്‍ഥന കൊണ്ടല്ലാതെ ഒരു രക്ഷയുമില്ല എന്നാകുമ്പോള്‍ നാം അവനിലേക്കു തിരിയുന്നു. എന്നാല്‍, നാം അങ്ങനെയല്ല വേണ്ടത്. മറിച്ച് സന്തോഷ സന്താപങ്ങളിലെല്ലാം അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന ചിന്ത നമ്മിലുണ്ടാകണം. ഭാര്യയെയും പിഞ്ചുമകനെയും വിജനമായ മരുഭൂമിയില്‍ വിട്ടിട്ട് ഇബ്‌റാഹീം (അ) മടങ്ങുമ്പോള്‍, ഇത് അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അവന്‍ ഞങ്ങളെ സംരക്ഷിച്ചുകൊള്ളും എന്നാണ് അവിടുത്തെ പത്‌നി പറഞ്ഞത്. നംറൂദിന്റെ തീക്കുണ്ഡത്തില്‍ അകപ്പെട്ട ഇബ്‌റാഹീം (അ), അല്ലാഹു എനിക്ക് മതിയായവനാണെന്നു പറഞ്ഞു സമാധാനമടയുകയും ചെയ്തു. ഫിര്‍ഔനിന്റെയും  കിങ്കരന്മാരുടെയും പിടിയിലകപ്പെടുമെന്ന് ആശങ്കാകുലരായ തന്റെ ജനതയോട് മൂസാ നബി പറഞ്ഞു:  'ഒരിക്കലുമില്ല തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്.' മദീനയിലേക്കുള്ള യാത്രാമദ്ധ്യേ ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഹിറാ ഗുഹയില്‍ തങ്ങിയ തങ്ങളെ ശത്രുക്കള്‍ കണ്ടുപിടിച്ചേക്കുമോ എന്ന് ഭയപ്പെട്ട അബൂബക്കര്‍ (റ) നോട് നബി (സ) പറഞ്ഞതും 'നീ ദുഃഖിക്കേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട് ' എന്നായിരുന്നല്ലോ. 
ചുരുക്കത്തില്‍, വിഷമതകള്‍ക്ക് ഒരവസാനവും ഇല്ല എന്ന ചിന്തയാണ് നമ്മുടെ ഏറ്റവും വലിയ പിഴവ്. എന്നാല്‍ പ്രയാസങ്ങള്‍ക്കൊപ്പം എളുപ്പവും ഉണ്ടെന്നോര്‍ക്കുക. കൊടുംതമസ്സിനു ശേഷം എത്ര പെട്ടെന്നാണ് പൊന്‍പുലരി കടന്നുവരുന്നത്. അന്ധകാരത്തിന്റെ ബുദ്ധിമുട്ടുകള്‍ അതോടെ നീങ്ങുന്നു. വേനല്‍ ചൂടിനു സമാപ്തിയായി ആകാശം ഭൂമിയെ നനയ്ക്കുന്നു. മരുഭൂമികളുടെ അവസാനം മരുപ്പച്ചയിലാണ്. ഭയം നിര്‍ഭയത്വത്തിലും ദുഃഖം സന്തോഷത്തിലും നിരാശ പ്രത്യാശയിലും ക്ലേശം സുഖത്തിലുമാണവസാനിക്കുക. കൊടുംചൂടുള്ള തീയെ തണുപ്പിക്കുകയും ആര്‍ത്തിരമ്പുന്ന തിരമാലകളെ കീറിമുറിച്ച് വഴികളുണ്ടാക്കുകയും ചെയ്ത് പ്രവാചകന്മാരെ രക്ഷപ്പെടുത്തിയ ജഗനിയന്താവായ നാഥന്‍ അവനില്‍ പ്രതീക്ഷ വെക്കുവോളം നമ്മുടെ ജീവിതത്തിലും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടാക്കാതിരിക്കുകയില്ല.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അവന്‍ നിരാശ വെടിയേണ്ടവനും പ്രതീക്ഷ കൈമുതലാക്കേണ്ടവനുമാണ്. അവന്റെ ജീവിതയാത്രയില്‍ പ്രതിസന്ധികള്‍ അനവധി അവനു തരണം ചെയ്യേണ്ടിവന്നേക്കാം. രോഗപീഡയോ സാമ്പത്തികനഷ്ടമോ  ഉറ്റവരുടെ വേര്‍പാടോ ഒക്കെ വരുമ്പോഴും എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്നു പറഞ്ഞ് മനസ്സിനെ സമാധാനിപ്പിക്കലാണു വേണ്ടത്.
ദാരിദ്ര്യവും നമ്മെ വിഷമിപ്പിക്കരുത്. പാവപ്പെട്ടവനായിരിക്കാനാണ് ലോകത്തിന്റെ നായകന്‍ നബി (സ) ആഗ്രഹിച്ചത്. തങ്ങള്‍ ജീവിച്ചു കാണിച്ചതും അപ്രകാരംതന്നെ. തങ്ങള്‍ ദുആ ചെയ്യുമായിരുന്നു. 'അല്ലാഹുവേ! എന്നെ നീ പാവപ്പെട്ടവനായി ജീവിപ്പിക്കുകയും പാവപ്പെട്ടവനായി മരിപ്പിക്കുകയും അവരുടെ കൂട്ടത്തില്‍ ഉയര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യേണമേ.' ഒരിക്കല്‍ അല്ലാഹു പ്രവാചകരോട്, തങ്ങള്‍ക്കിഷ്ടമാണെങ്കില്‍ മക്കാമുകര്‍റമയുടെ മലഞ്ചെരിവുകള്‍ സ്വര്‍ണം കൊണ്ട് നിറയ്ക്കാം എന്നറിയിച്ചപ്പോള്‍, ഒരു ദിവസം ആഹാരം കഴിച്ചു നന്ദി രേഖപ്പെടുത്താനും അടുത്ത ദിവസം പട്ടിണി സഹിച്ചു ക്ഷമിക്കാനുമാണ് ആഗ്രഹമെന്നു തങ്ങള്‍ അരുളുകളുണ്ടായി. തുടര്‍ച്ചയായ എത്രയെത്ര രാവുകളാണ് തിരുദൂതര്‍ അത്താഴം കഴിക്കാതെ ഒഴിഞ്ഞ വയറുമായി കഴിച്ചുകൂട്ടിയത്! തിരുഭവനത്തില്‍ അടുപ്പു കത്തിക്കാതെ രണ്ടുമാസം വരെ കഴിഞ്ഞു പോകുമായിരുന്നു. അന്നാളില്‍ കാരയ്ക്കയും വെള്ളവും അയല്‍വാസികളായ അന്‍സാരികള്‍ നല്‍കുന്ന പാലും ആയിരുന്നു തിരുദൂതരുടെയും കുടുംബത്തിന്റെയും ഭക്ഷണം. അതുകൊണ്ടുതന്നെ, നിന്റെ വയറടക്കാന്‍ ഒന്നും ലഭിക്കുന്നില്ലെന്നു വന്നാല്‍ അല്ലാഹു നിന്നെ തഴഞ്ഞിരിക്കുന്നുവെന്നു നീ വിചാരിച്ചു പോകരുത്. മറിച്ച്, നീ അവന്റെയടുക്കല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്നു സന്തോഷപ്പെടുക.
നമ്മുടെ ദുഃഖ കാരണമായി രോഗവും മാറാന്‍ പാടില്ല. മിസ്‌റിലെ അസീസിന്റെ പത്‌നി വിളിച്ചുവരുത്തിയ സ്ത്രീകള്‍ കൈയിലിരുന്ന പഴങ്ങള്‍ക്കു പകരം കൈവിരലുകള്‍ ഛേദിച്ചുകളഞ്ഞു. സുന്ദരനായ യൂസുഫ്(അ)ന്റെ സൗന്ദര്യത്തിനു മുന്നില്‍ അവര്‍ക്കു വേദന അനുഭവപ്പെട്ടതേയില്ല. അപ്രകാരം, അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന ചിന്ത കൊണ്ടുണ്ടാകുന്ന മനസ്സമാധാനം നമ്മുടെ നോവുകളേക്കാള്‍ മികച്ചു നില്‍ക്കണം. ഡോക്ടര്‍ ഡെയ്ല്‍ കാര്‍നെഗി ഒരു രോഗിയുടെ കഥ പറയുന്നുണ്ട്. ഇനി നിമിഷങ്ങള്‍ മാത്രമാണ് അയാളുടെ ആയുസ്സെന്നും ശവദാഹത്തിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിക്കൊള്ളുക എന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍, തന്റെ കാലം കഴിയാറായെന്ന് മനസ്സിലാക്കി ഒരു നീണ്ട യാത്ര പോകാന്‍ അയാള്‍ തീരുമാനിച്ചു. വൈദ്യന്മാര്‍ക്കു മുന്നില്‍ തന്റെ തീരുമാനം അറിയിച്ചു. ആഴക്കടലില്‍ നിന്നെ മറവുചെയ്യേണ്ടിവരുമെന്നു പറഞ്ഞ വൈദ്യന്‍മാരോട്,  ഞാന്‍ മടങ്ങി വരുമെന്നും കുടുംബശ്മശാനത്തില്‍ തന്നെ മറമാടപ്പെടുന്നും എന്റെ കുടുംബത്തോട് ഞാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട് എന്ന് ആത്മവിശ്വാസത്തോടെ അയാള്‍ മറുപടി നല്‍കി. അങ്ങനെ അയാള്‍ യാത്ര പുറപ്പെട്ടു. നല്ലതുപോലെ ആഹാരം കഴിച്ചു. നാളിതുവരെ ഉപേക്ഷിച്ചുപോന്ന കൊഴുപ്പുള്ള ഭക്ഷണവും അക്കൂട്ടത്തിലുണ്ടായിരുന്നു. താന്‍ പൂര്‍വ്വാധികം സുഖമായിരിക്കുന്നുവെന്ന് ഭാര്യയോട് വിവരമറിയിക്കുകയും ചെയ്തു. നാളുകള്‍ക്കു ശേഷം മടങ്ങിവന്ന അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അയാളുടെ രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടതായി അവര്‍ക്ക് മനസ്സിലായി.
ചിലപ്പോഴൊക്കെ മരുന്നുകളേക്കാള്‍ രോഗികള്‍ക്ക് ഫലം ചെയ്യുന്നത് മനശ്ശാന്തി ആണെന്ന് വൈദ്യലോകം വിലയിരുത്തുമ്പോള്‍ അതിനുള്ള ഏറ്റവും ഫലപ്രദമായ ഒറ്റമൂലി ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു;ദൈവസ്മരണയാണത്. ആ മരുന്നുകൊണ്ട് വേദനകളെ മറക്കുവാനും അല്ലാഹുവുമായുള്ള ബന്ധത്തിലെ ആത്മീയാനുഭൂതിയില്‍ ലയിച്ചുചേരാനും നമുക്ക് കഴിയും. 
പാപങ്ങളൊക്കെ പൊറുക്കപ്പെടുമോ എന്നാണ് ചിലരുടെയൊക്കെ ആശങ്ക. ''നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെത്തൊട്ട് നിരാശരാവരുത്' എന്ന അല്ലാഹുവിന്റെ സാന്ത്വനത്തിനു മുന്നില്‍ നമ്മുടെ ഈ ചിന്തയ്ക്ക് എന്തു പ്രസക്തി? അതുകൊണ്ട് നമുക്ക് അവനിലേക്കു മടങ്ങാം. നാമും നമുക്കുള്ളതുമെല്ലാം അവന്റേതു തന്നെ. അവന്റെ പരീക്ഷണങ്ങളില്‍ വലിയ വിജയങ്ങള്‍ നമുക്കു പ്രതീക്ഷിക്കാം. മഹത്തായ ഒരു വിജയം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥി തന്റെ പരീക്ഷയില്‍ പങ്കെടുക്കുന്നത്. അല്ലാഹുവിന്റെ സമ്മാനങ്ങളേക്കാള്‍ വലിയ സമ്മാനം മറ്റെന്തുണ്ട്..?

Friday, January 26, 2018

താര്‍ത്താരീ വിപ്ലവം;നമുക്കൊരു പാഠമുണ്ട്



ഹാഫിള് ഫൈസല്‍ ബദ്‌രി അല്‍ഖാസിമി

ഒരിക്കല്‍ താര്‍ത്താരികളുടെ ഒരു സംഘത്തെ അതില്‍ രഹസ്യാന്വേശകരുണ്ടെന്ന് പറഞ്ഞ് ഖവാറസം രാജാവ് കൊന്നുകളഞ്ഞു. കാര്യമന്വേഷിക്കാന്‍ അവരുടെ നേതാവ് ചെങ്കിസ്ഖാന്‍ ദൂതന്മാരെ അയച്ചു. ഖവാറസം അവരുടെ നേതാവിനെയും വധിച്ചു. വിവരമറിഞ്ഞ ചെങ്കിസ്ഖാന്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ''ആകാശത്ത് രണ്ട് സൂര്യന്മാര്‍ ഉണ്ടാകാത്തത് പോലെ ഭൂമിയില്‍ രണ്ട് ചക്രവര്‍ത്തിമാന്‍ ഉണ്ടാകാന്‍ പാടില്ല.'
അങ്ങനെ ചെങ്കിസ്ഖാന്റെ നേതൃത്വത്തില്‍ താര്‍ത്താരികള്‍ യുദ്ധത്തിനായി പുറപ്പെട്ടു. ആദ്യമായി അവര്‍ ബുഖാറയിലെത്തി. അവരവിടം തകര്‍ത്തു തരിപ്പണമാക്കി. പട്ടണവാസികളെ മുഴുവന്‍ കൊന്നൊടുക്കി. സമര്‍ഖന്ദ്, റയ്യ,് ഹമദാന്‍, ഖസ്‌വീന്‍ തുടങ്ങിയ പ്രശസ്തമായ ഇസ്‌ലാമിക പ്രദേശങ്ങള്‍ക്കും ഇതേ ഗതി തന്നെയായിരുന്നു. താര്‍ത്താരികളുടെ ധീരമായ പടപ്പുറപ്പാട് കണ്ട് ഖവാറസം വിരണ്ടോടി. അവര്‍ അയാളെ ഒരു ദ്വീപില്‍ വെച്ചു വധിച്ചു. ഖവാറസമിന്റെ പതനത്തോടെ ഇറാഖും തുര്‍ക്കിയുമടക്കമുള്ള പശ്ചിമപ്രദേശങ്ങള്‍ താര്‍ത്താരികള്‍ അധീനപ്പെടുത്തി. അവിടുത്തെ ജനങ്ങള്‍ ഭയന്നുവിറച്ചു. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍  ഒരു വീട്ടില്‍ ഒരു താര്‍ത്താരിയെന്ന നിലയില്‍ കടന്നുചെന്ന് കൊലയുടെ പരമ്പര തന്നെ നടത്തി. 
മുസ്‌ലിം നാടുകള്‍ ഒന്നൊന്നായി തൂത്തുവാരി അവര്‍ ബാഗ്ദാദിലുമെത്തി. ഇസ്‌ലാമിക ഖിലാഫത്തിന്റെ സിരാകേന്ദ്രവും ഏറ്റവും വലിയ വൈജ്ഞാനികകേന്ദ്രവും നാഗരികതയുടെ ഈറ്റില്ലവുമായിരുന്ന ബാഗ്ദാദിനെ നാമാവശേഷമാക്കുകയായിരുന്നു ചെങ്കിസ്ഖാന്റെ ലക്ഷ്യം. ഇബ്‌നു കസീര്‍ (റ) പറയുന്നു: ബാഗ്ദാദില്‍ നാല്‍പതു ദിവസം വരെ കൊള്ളയും കൊലയും ചൂടു പിടിച്ചു കിടന്നു. ഏറ്റവും പ്രകാശപൂരിതമായിരുന്ന ഈ നഗരം നാല്‍പതു ദിവസത്തിനു ശേഷം ശ്മശാന തുല്യമായി. കമ്പോളങ്ങളിലും വഴികളിലും ശവകൂമ്പാരങ്ങള്‍ കാണപ്പെട്ടു.(അല്‍ ബിദായതു വന്നിഹായ 9/86) 
ബാഗ്ദാദിലെ ഖലീഫയായിരുന്ന മുഅ്തസിമിനെ ഒരു കൂടാത്തില്‍ കെട്ടിയിട്ടു. സന്ധിപത്രത്തില്‍ ഒപ്പിടുന്നതിനു സാക്ഷി നില്‍ക്കാനെന്നു പറഞ്ഞ് പണ്ഡിതരെയും പ്രമാണിമാരെയും വിളിച്ചുവരുത്തി ഓരോരുത്തരെ വീതം വധിച്ചുകൊണ്ടിരുന്നു. ഖലീഫയുടെ രക്തം ഭൂമിയില്‍ വീണാല്‍ അത് നാശത്തില്‍ കലാശിക്കുമെന്നു ഭയന്ന് അദ്ദേഹത്തെ ഒരു പായയില്‍ കെട്ടി അടിച്ചുകൊന്നു. പരസ്യമായി മദ്യപാനം നടത്തുവാനും പന്നിമാംസം ഭക്ഷിക്കുവാനും ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. റമളാന്‍ മാസമായിരുന്നിട്ടും മുസ്‌ലിംകളെ അതിനു വേണ്ടി നിര്‍ബന്ധിച്ചു. മസ്ജിദുകളില്‍ കള്ള് ഒഴിക്കുകയും ബാങ്കിനെ നിരോധിക്കുകയും ചെയ്തു.
ബാഗ്ദാദിനു ശേഷം അക്രമികള്‍ ഹലബിലേക്കാണ് നീങ്ങിയത്. അവിടെയും ബാഗ്ദാദ് ആവര്‍ത്തിക്കുകയായിരുന്നു. ശേഷം അവര്‍ ഡമസ്‌കസിലേക്ക് തിരിച്ചു. 658 ജമാദുല്‍ ഊലായില്‍ അവര്‍ ഡമസ്‌കസ് കീഴടക്കി. ഇബ്‌നു കസീര്‍ (റ) വിവരിക്കുന്നതിങ്ങനെ: ക്രൈസ്തവര്‍ കുരിശുകള്‍ ഉയര്‍ത്തിപ്പിടിച്ച് പട്ടണത്തിലേക്കു വന്നു. ഈശോമിശിഹായുടെ സത്യമതം വിജയിച്ചിരിക്കുന്നുവെന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവര്‍ പരസ്യമായി നിന്ദിച്ചു. അവരുടെ കൈകളിലുണ്ടായിരുന്ന മദ്യക്കുപ്പികളില്‍ നിന്നും മസ്ജിദുകളിലും മുസ്‌ലിംകളുടെ മുഖത്തും ശരീരത്തും അവര്‍ കുടഞ്ഞു. ഇതിനെല്ലാമെതിരെ മുസ്‌ലിംകള്‍ സംഘടിച്ച് താര്‍ത്താരി ഭരണകൂടത്തോട് പരാതി ബോധിപ്പിച്ചുവെങ്കിലും അവരെ നിന്ദ്യരായി മടക്കുകയും ക്രൈസ്തവ നേതാക്കളുടെ വാക്കുകള്‍ അവര്‍ വിലയ്‌ക്കെടുക്കുകയും ചെയ്തു. ഇന്നാ ലില്ലാഹ്..(അല്‍ ബിദായ 9/102,103)
തുടര്‍ന്ന് താര്‍ത്താരികള്‍ ഈജിപ്തിനെ ലക്ഷ്യം വെച്ചു നീങ്ങി. അവരില്‍ നിന്നും രക്ഷപ്പെട്ട ഒരേയൊരു രാജ്യം അതായിരുന്നു. അതുകൂടി കൈപ്പടയില്‍ ഒതുക്കാമെന്ന അതിമോഹവുമായി അവര്‍ പുറപ്പെട്ടു. എന്നാല്‍ എതിരിട്ടാല്‍ ജയം അസാധ്യമായ താര്‍ത്താരികളെ ഈജിപ്ത് രാജാവ് സൈഫുദ്ദീന്‍ ഖതറും തന്റെ സൈനികവ്യൂഹവും അടിയറവു പറയിച്ചു. ഈജിപ്തിലേക്ക് കടക്കാനനുവദിക്കാതെ സിറിയയിലേക്കു വന്ന് ഐനുല്‍ ജാലൂത്ത് എന്ന സ്ഥലത്തുവച്ച് അദ്ദേഹം അവരുമായി ഏറ്റുമുട്ടി. ഗതകാലാനുഭവങ്ങള്‍ക്കു വ്യത്യസ്തമായി താര്‍ത്താരികള്‍ നാണംകെട്ടു തോറ്റോടി. മുസ്‌ലിംകള്‍ പിന്നാലെ ചെന്ന് ധാരാളമാളുകളെ വധിക്കുകയും തടവിലാക്കുകയും ചെയ്തു. 658 റമദാന്‍ 25 നായിരുന്നു വിശ്വാസികള്‍ ഈ അട്ടിമറി വിജയം കൈവരിച്ചത്.(അല്‍ ബിദായ 9/104)
 അത്യത്ഭുതമെന്ന് പറയട്ടെ, മുസ്‌ലിംകളുടെ ചുടുചോര ഊറ്റിക്കുടിച്ചവരുടെ നെഞ്ചുകളില്‍ അല്ലാഹു വിശ്വാസത്തിന്റെ മണി സൗധം പണിതുയര്‍ത്തി. താര്‍ത്താരികളില്‍ ഇസ്‌ലാം പ്രചരിച്ചു. സമുദ്രം, വനം, പര്‍വ്വതം, കാലാവസ്ഥ, ക്ഷാമം, വ്യാധി ഇതൊന്നും പിന്തിരിപ്പിക്കാത്തവരും ആയുധങ്ങള്‍ ഭയപ്പെടാത്തവരും കോട്ടകള്‍ നിയന്ത്രിക്കാത്തവരും നിരപരാധികളുടെ നിലവിളികള്‍ ചലനമുണ്ടാക്കാത്തവരുമാണ് താര്‍ത്താരികളെന്നാണ് ചരിത്രകാരന്മാര്‍ അവരെ വിശേഷിപ്പിക്കാറ്. അത്തരക്കാരെയാണ് ദൈവപ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട് കറകളഞ്ഞ ഇഖ്‌ലാസും മഹത്തായ ആദര്‍ശവും ആയുധമാക്കിയ ഒരു പറ്റം പ്രബോധകര്‍ കീഴടക്കിയത്. അവരില്‍ നിന്നും സമുന്നതരായ പണ്ഡിതരും സൂരികളായ കര്‍മ്മശാസ്ത്രവിദഗ്ധരും വളര്‍ന്നുവന്നു. ഒരുവേള ഇസ്‌ലാമിക ലോകത്തെ ചവിട്ടിയരയ്ക്കാന്‍ കച്ചകെട്ടിയ താര്‍ത്താരികള്‍ നിരവധി ഘട്ടങ്ങളില്‍ ദീനിന്റെ കാവലാളുകളായി നിലകൊണ്ടു. അതുകൊണ്ടായിരിക്കണം അല്ലാമാ ഇഖ്ബാല്‍ പറഞ്ഞത്: സത്യം തന്നെ,  താര്‍ത്താരികളുടെ ചരിത്രത്തില്‍ നിന്നും വ്യക്തമാകുന്ന കാര്യമിതാണ്; വിഗ്രഹാലയത്തില്‍ നിന്നും കഅ്ബയ്ക്ക് സേവകരെ ലഭിച്ചു.
 മുസ്‌ലിം ലോകത്തിന് വന്‍നാശം വിതച്ച താര്‍ത്താരി വിപ്ലവം ഒരു രാജാവിന്റെ ബുദ്ധിരഹിതമായ തീരുമാനം വരുത്തിവച്ചതാണെന്നു കരുതരുത്. അതൊരു ബാഹ്യമായ കാരണം മാത്രമാണ്. അതിന്റെ ആത്മീയമായ കാരണങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടക്കം കുറിച്ചിരുന്നു. അന്നത്തെ മുസ്‌ലിംകളുടെ സാമൂഹിക സാംസ്‌കാരിക മേഖലകളെ ഗഹനമായി പഠിച്ചാല്‍ അവര്‍ ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ചിരുന്നുവെന്നു മനസ്സിലാക്കാം.
 സുല്‍ത്താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി ദിവംഗതനായ ശേഷം പ്രവിശാലമായ ഭരണകൂടം അദ്ദേഹത്തിന്റെ സന്താനങ്ങളിലും കുടുംബക്കാരിലുമായി വിഭജിക്കപ്പെട്ടു. അവര്‍ അദ്ദേഹത്തെ പോലെ മഹല്‍ഗുണങ്ങള്‍ സിദ്ധിച്ചവരായിരുന്നില്ല. നാളുകളോളം അവര്‍ പരസ്പരം കടിച്ചുകീറിക്കൊണ്ടിരുന്നു. തരം കിട്ടുമ്പോഴൊക്കെ സ്വന്തം സഹോദരങ്ങള്‍ക്കെതിരെ കുരിശ് യോദ്ധാക്കളുടെ സഹായം തേടാനും അവര്‍ മടി കാണിച്ചില്ല. മുസ്‌ലിംകള്‍ ഭിന്നതയിലായപ്പോള്‍ ഫ്രഞ്ചുകാരും കുരിശുപടയും അവസരം മുതലെടുത്തു. അവര്‍ ഇസ്‌ലാമിക പട്ടണങ്ങളില്‍ അഴിഞ്ഞാടി. ഈജിപ്തിലും അവസ്ഥ വിപരീതമായിരുന്നില്ല. ആദില്‍ അഫ്‌സല്‍ എന്നിവരുടെ പരസ്പരാക്രമണം കാരണം ദാരിദ്ര്യം കഠിനമായി. വിലക്കയറ്റം രൂക്ഷമായി. ജനങ്ങള്‍ പട്ടിയെയും ശവത്തെയും ഭക്ഷണമാക്കി. പിഞ്ചുകുഞ്ഞുങ്ങളെ വരെ വേവിച്ചു കഴിക്കാന്‍ തുടങ്ങി.
 ഹിജ്‌റ 601 ല്‍ ഒരൊറ്റ കുടുംബത്തില്‍ പെട്ട മക്ക അമീര്‍ ഖത്താദ ഹുസൈനിയും മദീന അമീര്‍ സാലിം ഹുസൈനിയും തമ്മില്‍ രൂക്ഷമായ യുദ്ധം നടന്നു. അങ്ങനെ മുസ്‌ലിം മുസ്‌ലിമിനെ വധിച്ചു കൊണ്ടിരുന്നു. (വിവരണത്തിന്: അല്‍ ബിദായത്തു വന്നിഹായ 8/504-508,545)
 മറുഭാഗത്ത് ഇസ്‌ലാമിക ഖിലാഫത്തിന്റെ കേന്ദ്രമായിരുന്ന ബാഗ്ദാദില്‍ ആഡംബര സുഖലോലുപതയ്ക്കും ഭൗതിക ഭ്രമത്തിനും അടിമകളായി മുസ്‌ലിംകള്‍ മാറി. സമ്പത്തുണ്ടാക്കുന്നതിലും അത് ചെലവഴിക്കുന്നതിലും പെരുമ കാണിക്കാന്‍ തുടങ്ങി. ഖലീഫയുടെ സേവകന്‍മാരുടെ മക്കളുടെ കല്യാണത്തിനു ചെലവഴിക്കുന്ന സമ്പത്തിന്റെ അളവു പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പെരുന്നാള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ പൊങ്ങച്ച പ്രകടനങ്ങള്‍ നടത്താനും ദീനി വിധികള്‍ ഉപേക്ഷിക്കാനും ഒരു മടിയുമില്ലായിരുന്നു. ഹിജ്‌റ 640 ലെ പെരുന്നാള്‍ ഘോഷയാത്ര അവസാനിച്ചത് രാത്രിയിലായിരുന്നു. പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത് പാതിരാത്രിയില്‍ ആയിരുന്നുവത്രേ.
കളി വിനോദങ്ങള്‍ വ്യാപകമായി. പാട്ടുകാരികളും നര്‍ത്തകികളും പെരുകി. പണം വാരിക്കൂട്ടുക മാത്രമായി ലക്ഷ്യം. ഇത്തരത്തില്‍ മുസ്‌ലിംകള്‍ അങ്ങേയറ്റം പരിധി വിട്ട ഘട്ടത്തിലാണ് താത്താരികളുടെ പുറപ്പാട് ഉണ്ടായത്. ആദ്യം രാജവംശത്തെയും ശേഷം മുഴുവന്‍ മുസ്‌ലിം ലോകത്തെയും അവര്‍ ആക്രമിച്ചു.
വാസ്തവത്തില്‍, പ്രസ്തുത ദുരന്തം തിരുവചനത്തിന്റെ വ്യക്തമായ പുലര്‍ച്ച തന്നെയായിരുന്നു. നബി (സ) അരുള്‍ ചെയ്തു: ''എന്റെ സമുദായത്തിന് ഒരു കാലം വരാനിരിക്കുന്നു. അന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഭക്ഷണത്തളികയിലേക്കു കൈ നീട്ടുന്നതു പോലെ മറ്റുള്ള സമുദായങ്ങള്‍ നിങ്ങളുടെ മേല്‍ ചാടിവീഴും. അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'അന്ന് ഞങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കമോ? തങ്ങള്‍ പറഞ്ഞു: 'അല്ല, മറിച്ച് നിങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും. പക്ഷെ, നിങ്ങള്‍ ഒലിവെള്ളത്തിലെ നുര പോലെയായിരിക്കും. ശത്രുക്കളുടെ മനസ്സില്‍ നിന്ന് നിങ്ങളെക്കുറിച്ചുള്ള ഭയം നീക്കിക്കളഞ്ഞിട്ടുണ്ടാകും. നിങ്ങളുടെ മനസ്സില്‍ വഹ്‌ന് സ്ഥാനം പിടിക്കുകയും ചെയ്യും.' അപ്പോള്‍ ഒരാള്‍ ചോദിച്ചു: 'എന്താണ് പ്രവാചകരെ വഹ്‌ന്? തങ്ങള്‍ അരുളി: 'ഭൗതിക സ്‌നേഹവും മരണവെറുപ്പുമാണത്.' (അബൂ ദാവൂദ്)
ചരിത്രത്തിന് ആവര്‍ത്തനസ്വഭാവമുള്ളതുകൊണ്ടും അന്നത്തെ മുസ്‌ലിംകളുടെ അവസ്ഥകളെ തൊട്ട് നാം അന്യരല്ലാത്തതു കൊണ്ടും അതു പോലൊരു ദുരന്തം നമ്മിലേക്കും വന്നുകൂടായ്കയില്ല. പരസ്പര കലഹം, സുഖാഡംബരങ്ങള്‍, ഭൗതിക പ്രേമം, ദീനീ വിധിവിലക്കുകളോടുള്ള പുച്ഛം, കളി വിനോദങ്ങള്‍ തുടങ്ങിയവയാണ് ഇവരെ പിടികൂടിയ മാരകരോഗങ്ങള്‍. അതിനുള്ള മരുന്നുമായി താര്‍ത്താരികളെ അയയ്ക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് പൂര്‍ണശമനം ലഭിച്ചു. അത്തരത്തില്‍ വന്‍ ദുരന്തങ്ങളുടെ രൂപത്തില്‍ മരുന്നുകള്‍ ലഭ്യമായാലേ നമ്മുടെ രോഗങ്ങള്‍ക്ക് ശമനമുണ്ടാവുകയുള്ളൂ എങ്കില്‍ അല്ലാഹുവിന് അത് അസാധ്യമല്ല. താര്‍ത്താരി വിപ്ലവം അതിനുള്ള തെളിവുകളില്‍ ആയിരത്തിലൊന്നു മാത്രം. അനുനിമിഷം ഫിത്‌നകള്‍ പെരുകിക്കൊണ്ടിരിക്കുന്ന അഭിനവയുഗത്തില്‍ അധാര്‍മ്മികതയുടെ കുത്തൊഴുക്കില്‍ പെട്ടുപോകാതെ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

Sunday, October 29, 2017

ശഹീദേ മില്ലത്ത് ടിപ്പു സുൽത്താൻ





   1750 നവംബർ 20, അന്നാണ് മികവിലും തികവിലും പിതാവ് ഹൈദരലിയുടെ ചുവട് പിടിച്ച് ഇംഗ്ലീഷ് സാമ്രാജ്യത്വ ശക്തികളെ ചാമ്പലാക്കാൻ ധീരതയുടെയും ചങ്കൂറ്റത്തിന്റെയും അത്യുജ്ജ്വല പ്രഭയോടെ ആ സൂര്യൻ ഉദയം ചെയ്തത്. 
     പൂർവ്വ ഇന്ത്യൻ ചരിത്രത്തിൽ ടിപ്പുവിനോളം ധീരതയും രാജ്യസ്നേഹവും മതഭക്തിയും തന്ത്രജ്ഞതയും യുദ്ധപാടവവുമുള്ള ഒരു ഭരണാധികാരിയും സാമ്രാജ്യത്വശക്തികളോട് ഏറ്റുമുട്ടയിട്ടില്ല. അവർക്ക് പകയും വിദ്വേഷവും അതിലേറെ ഭയവും അദ്ദേഹത്തേക്കാൾ മറ്റാരോടുമുണ്ടായിരുന്നില്ല. മരണശേഷവും അദ്ദേഹത്തെ അവർ വെറുതെ വിട്ടില്ല. ആ മഹദ് വ്യക്തിത്വത്തെ അവർ വികലമായി ചിത്രീകരിച്ചു. കള്ളക്കഥകൾ കെട്ടിച്ചമച്ച് ചരിത്രത്തിൽ തിരുകിക്കയറ്റി. ക്രൂരനും വർഗീയവാദിയുമായി അദ്ദേഹത്തെ ഭാവിതലമുറക്ക് പരിചയപ്പെടുത്തലായിരുന്നു ഉദ്ദേശം. ഒരു പരിധി വരെ അവരുടെ ശ്രമം ലക്ഷ്യം കണ്ടു. കാർമേഘങ്ങൾക്ക് നീങ്ങിപ്പോകാതെ കഴിയില്ലല്ലോ..കെട്ടുകഥകളുടെ മൂടുപടം നീക്കി ചരിത്രത്തിന്റെ സുന്ദരമുഖം ലോകം വായിച്ചെടുത്തു. 
   ശക്തനായ ഭരണാധികാരിയും മികച്ച രീഷ്ട്രീയ തന്ത്രജ്ഞനും ദേശസ്നേഹിയും ശരിയായ ഇസ്ലാമിക പ്രബോധകനും ധർമ്മസംസ്ഥാപകനുമായ അദ്ദേഹത്തിന്റെ വിശ്വാസവും സ്വഭാവമഹിമയും ഭയഭക്തിയും ഉത്തുംഗതയിലായിരുന്നു. അദ്ദേഹത്തെ പോലെ മതനിഷ്ഠയുള്ള ഭരണാധികൾ ചരിത്രത്തിൽ അധികമില്ലെന്ന് വേണം പറയാൻ. വാസ്തവമിതാണെന്നിരിക്കെ ആ മഹാമനീഷിയുടെ ജീവിതവഴികളിലൂടെ ഒന്നു കടന്നു പോകൽ തീർത്തും അനിവാര്യമായിരിക്കുന്നു. 
   സുൽത്താൻ ഹൈദരലിയുടെയും ഫാത്തിമബീഗത്തിന്റെയും മകനായി ബാഗ്ലൂരിൽ നിന്നും 33 കി.മീ അകലെയായി ദേവൻഹള്ളിയിൽ ജനനം. തന്റെ പിതാവിന്റെ സ്മരണാർത്ഥം ഫത്ഹ് മുഹമ്മദ് എന്ന് ഹൈദരലി മകന് പേര് നൽകി. ടിപ്പു മസ്താൻ എന്ന മഹാനോടുള്ള ആദരസൂചകമായി മാതാവ് അദ്ദേഹത്തെ ടിപ്പു എന്ന് വിളിച്ചു. ആ നാമത്തിലാണ് അദ്ദേഹം വിശ്രുതനായതും ചരിത്രത്തിലിടം പിടിച്ചതും. 
   അഞ്ചു വയസ്സാകുന്നതിന് മുമ്പ് തന്നെ ഹൈദരലി ടിപ്പുവിന്റെ മതവിദ്യാഭ്യാസത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. ഖുർആനും ഹദീസും കർമ്മശാസ്ത്രവും പേർഷ്യൻ അറബി ഭാഷകളും മികച്ച അധ്യാപകരിൽ നിന്നു തന്നെ അദ്ദേഹം പഠിച്ചെടുത്തു. കുതിരസവാരി, അമ്പെയ്ത്ത് തുടങ്ങിയ ആയോധനകലകളിലും വൈദഗ്ധ്യം നേടി. പത്തൊമ്പത് വയസ്സു വരെ പഠനത്തിലും പരിശീലനത്തിലുമായി കഴിഞ്ഞുകൂടി. ഇതിനിടയിൽ പിതാവിനൊപ്പം പല യുദ്ധങ്ങളിലും ടിപ്പു തന്റെ കഴിവു തെളിയിച്ചു. 
   മികച്ച വിദ്യാഭ്യാസവും ആയോധനകലകളിലെ സാമർത്ഥ്യവും ഉള്ളതിനോടൊപ്പം തികഞ്ഞ മതനിഷ്ഠയോടു കൂടി തന്നെ തന്റെ മകൻ വളർന്നു വരണമെന്ന് ഹൈദരലിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പഠനശേഷം ടിപ്പുവിൽ നിന്നും അദ്ദേഹം ഒരു കരാർ എഴുതി വാങ്ങി. അല്ലാഹുവിന്റെ ആജ്ഞക്കെതിരായി താനൊരിക്കലും പ്രവർത്തിക്കുകയില്ലെന്നും അങ്ങനെ പ്രവർത്തിച്ചാൽ തക്കതായ ശിക്ഷ തനിക്ക് നൽകാമെന്നും തുടങ്ങി ചില പ്രതിജ്ഞകൾ അതിൽ അടങ്ങിയിരുന്നു. 24 വയസ്സായപ്പോൾ മകനെ വിവാഹം കഴിപ്പിക്കാൻ ഹൈദരലി തീരുമാനിച്ചു. അതിനായി ഇമാം സാഹിബ് ബക്ഷിയുടെ മകൾ സുൽത്താനാ ബീഗത്തെ തന്റെ മകന് വേണ്ടി കണ്ടെത്തി. എന്നാൽ ഫാത്തിമാ ബീഗം ലാലാ മിയാ ൻ ശഹീദ് ചീർക്കോളിയുടെ മകൾ റുഖിയ്യാ ബീഗം തങ്ങളുടെ മരുമകളാകണമെന്ന് കൊതിച്ചു. അവസാനം ഇരുവരുടെയും തർക്കം ഒഴിവാക്കാൻ ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ടു പെൺകുട്ടികളെയും ടിപ്പു വരിച്ചു.
   1782 നവംബറിൽ ഹൈദരലി മാരകമായ അർബുദ രോഗത്തിനടിമയായി. ഡിസംബർ 2 ന് രാത്രി അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. അതോടെ ഖുദാദാദ് സൽത്തനത്ത് ടിപ്പുവിന്റെ മേലായി. 7 നാണ് സുൽത്താൻ ഔപചാരികമായി അധികാരമേറ്റത്. അധികാരാരോഹണച്ചടങ്ങിന് മുമ്പ് ഉമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങി. രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിച്ചു. പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊണ്ടാണ് പ്രഥമദർബാർ ആരംഭിച്ചത്. ഖാരിഅ് സൂറത്തുൽ ഹശ്റിലെ "ലൗ അൻസൽനാ.." എന്നു തുടങ്ങുന്ന ആയത്ത് പാരായണം ചെയ്തപ്പോൾ സുൽത്താൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. കൊട്ടാരമാകെ സ്തബ്ധമായി. ഒരു പണ്ഡിതൻ സുൽത്താനെ കിരീടമണിയിച്ചു. മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമന്യേ ജനക്ഷേമത്തിനായി പോരാടുമെന്നും അന്ത്യം വരെ ബ്രിട്ടീഷുകാരെ മാതൃരാജ്യത്തു നിന്നും തുരത്തുന്നതിനായി പോരാടുമെന്നും ജാതി-മതാടിസ്ഥാനത്തിലുള്ള ഭിന്നതയുടെയും ശത്രുതയുടെയും മതിലുകൾ തകർക്കുമെന്നും സുൽത്താൻ വിളംബരം നടത്തി.
   അധികാരമേറ്റ ശേഷം വിവിധഭാഗങ്ങളിൽ വെള്ളക്കാരോട് ഏറ്റുമുട്ടുന്നതിലായി സുൽത്താൻ നിരതനായി. അവരുടെ പിളർന്ന വായക്കു മുന്നിൽ പത്തി മടക്കി ഓച്ചാനിച്ചു നിന്ന രാജാക്കന്മാരിൽ നിന്ന് വ്യതിരിക്തനായി സാമ്രാജ്യത്വശക്തികളെ അടിയറവു പറയിപ്പിക്കാൻ ടിപ്പുവിനായി. ജീവിതാന്ത്യം വരെ മാതൃരാജ്യത്തിന്റെ സുഖമനുഭവിക്കാൻ വെള്ളക്കാരെ അനുവദിക്കുകയില്ലെന്നത് അദ്ദേഹത്തിന്റെ ശപഥമായിരുന്നു. നീണ്ട പതിനേഴ് വർഷത്തിനിടയിൽ പലതവണ സുൽത്താൻ അവരുമായി ഏറ്റുമുട്ടി. അദ്ദേഹത്തിനെതിരിൽ ചില ആഭ്യന്തരശക്തികൾ തിരിഞ്ഞപ്പോൾ സുൽത്താൻ അവരെയും നേരിട്ടു. ഇതിൽ നിന്ന് അദ്ദേഹം ഒരു യുദ്ധക്കൊതിയനായിരുന്നുവെന്ന് തെറ്റിദ്ധരിച്ചേക്കരുത്. ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് അദ്ദേഹം പ്രയത്നിച്ചത്. മഹത്തായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കി. അശരണരുടെയും അവശതയനുഭവിക്കുന്നവരുടെയും പ്രശ്നങ്ങളറിയാനും പരിഹാരം കാണാനും സമയം കണ്ടെത്തി. വർഗീയചിന്ത അദ്ദേഹത്തിൽ തെല്ലുമുണ്ടായിരുന്നില്ല. അന്യമതസ്ഥരോടുള്ള മാന്യവും നീതിപൂർവ്വവുമായ പെരുമാറ്റം ടിപ്പുവിന്റെ ഉന്നതഗുണമായിരുന്നു. മഹാത്മാ ഗാന്ധിയുടെ വാക്കുകളിതാ.." ഹിന്ദു പ്രജകളോട് സൗഹൃദപൂർണ്ണമായ ബന്ധം കാത്തുസൂക്ഷിച്ച ഹിന്ദു മുസ്ലിം ഐക്യത്തിന്റെ വക്താവായിരുന്നു സുൽത്താൻ"
   ടിപ്പു ഏകാധിപതിയും ക്രൂരനുമായിരുന്നു എന്നത് പൊതുവെയുള്ള ഒരു ആരോപണമാണ്. തനി പൊള്ളത്തരമാണത്. ഉദാരത നിറഞ്ഞ പെരുമാറ്റമായിരുന്നു ടിപ്പുവിന്റെത്. സ്ത്രീകളെയും കുട്ടികളെയും ഒരിക്കലും തടവിലാക്കിയിരുന്നില്ല. തടവുപുള്ളികളോട് പോലും മാന്യമായേ പെരുമാറിയിരുന്നുള്ളൂ. ഒരു യുദ്ധവേളയിൽ ദാഹിച്ചു വലഞ്ഞ ശത്രുഭടന്മാർക്ക് തന്റെ കരങ്ങൾ കൊണ്ട് സുൽത്താൻ വെള്ളം നൽകി. "ജനങ്ങളുടെ മുറിവുണക്കാനാണ് എന്റെ നിയോഗം" എന്ന് ടിപ്പു സദാ പറയാറുണ്ടായിരുന്നു.
   സുൽത്താന്റെ മതചിട്ടയും ദൈവഭക്തിയും സാക്ഷീകരിക്കുന്ന ധാരാളം സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1790 ൽ മസ്ജിദുൽ അഅ്ലയുടെ ഉദ്ഘാടനവേളയിൽ നിരവധി പുണ്യ പുരുഷന്മാരും പണ്ഡിത മഹത്തുക്കളും പള്ളിയിലെത്തി. പ്രായപൂർത്തിയായ ശേഷം ഒരു നമസ്കാരം പോലും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത സാഹിബെ തർതീബ് പള്ളി ഉദ്ഘാടനം ചെയ്യണമെന്നത് സുൽത്താന്റെ അഗ്രഹമായിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ആ വിശേഷണമൊത്ത ആരുമില്ലായിരുന്നു. അവസാനം സുൽത്താൻ തന്നെ നമസ്കാരത്തിന് തുടക്കം കുറിച്ചു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ അങ്ങനെയുള്ള ഒരാളാണ്." ഇതു കേട്ട് ജനങ്ങൾ അത്ഭുതപ്പെട്ടു.
   പ്രായപൂർത്തിയെത്തിയ ശേഷം ഒരൊറ്റ നമസ്കാരവും സുൽത്താൻ ഖളാഅ് ആക്കിയിട്ടില്ല. എല്ലാ ദിവസവും സുബ്ഹിക്കു ശേഷം ഖുർആൻ ഓതുക പതിവായിരുന്നു. വുളൂഅ് ഇല്ലാത്ത അവസ്ഥ അദ്ദേഹത്തിനുണ്ടായിട്ടില്ല. സുൽത്താന്റെ പ്രാർത്ഥനയുടെ ഫലമായി കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്ന തുംഗഭദ്ര നദി ശാന്തമായത് അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നു. പുഴയുടെ മറുവശത്തുള്ള ശത്രുക്കളുമായി ഏറ്റുമുട്ടാൻ പുറപ്പെട്ടതായിരുന്നു ടിപ്പു. നദിയാണെങ്കിൽ ശക്തമായ മഴ കാരണം കരകവിഞ്ഞൊഴുകുന്നു. എന്താണൊരു മാർഗമെന്നാലോചിക്കവെ വരണ്ടുണങ്ങിയ നൈൽനദി ഉമർ (റ) ന്റെ കത്ത് കൊണ്ട് ഒഴുകിത്തുടങിങിയ സംഭവം അദ്ദേഹത്തെ തൊട്ടുണർത്തി. അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ച് ടിപ്പു ദുആ ചെയ്തു. അദ്ദേഹം പറഞ്ഞതനുസരിച്ച് ഇരുപത്തിയൊന്ന് പീരങ്കിയുണ്ടകൾ സൈനികർ നദിയിലേക്ക് വർഷിച്ചു. നദി ശാന്തമായി. തക്ബീർ ധ്വനികൾ മുഴക്കി ടിപ്പുവും പട്ടാളവും മറുവശം കടന്നു.
    തിരുനബി(സ) യെ സ്വപ്നത്തിൽ ദർശിക്കാനുള്ള മഹാഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. താൻ ശഹീദാകുമെന്ന് തങ്ങൾ സന്തോഷവാർത്ത അറിയിക്കുന്നതായിട്ടാണ് കണ്ടത്. പിറ്റേന്ന് പ്രഭാതത്തിൽ രണ്ട് റകഅത്ത് ശുക്റ് നമസ്കരിക്കുകയും ധാരാളം സ്വദഖ നൽകുകയും ചെയ്തു. തന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു. സമ്പൽസമൃദ്ധമായ ഇന്ത്യൻ മണ്ണിൽ വെള്ളക്കാരന്റെ പതാക നാട്ടാൻ ടിപ്പുവെന്ന മൈസൂർ സിംഹത്തിന്റെ രക്തം ഭൂമിയിൽ വീഴണമെന്ന് മനസ്സിലാക്കിയ ശത്രുക്കൾ ചതിപ്രയോഗത്തിലൂടെ അവരുടെ ലക്ഷ്യം കാണാൻ തീരുമാനിച്ചു. അതിനായി സൽത്തനത്തിന്റെ പ്രധാനമന്ത്രി മീർസ്വാദിഖ് നേതാവായുള്ള സംഘത്തെ അവർ വിലക്കെടുത്തു. മീർ മുഈനുദ്ദീൻ, മീർ ഖമറുദ്ദീൻ, ഗുലാം അലി ലാൻഗ്ര, പൂർണയ്യ എന്നിവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ടിപ്പുവിന്റെ കോട്ടക്കകത്തേക്കുള്ള വഴി ഇവർ ബ്രിട്ടീഷുകാർക്ക് അറിയിച്ചു കൊടുത്തു. 
    1799 മെയ് 4. ഒറ്റുകാർ വഴി ശത്രുക്കൾ ടിപ്പുവിന്റെ കോട്ടക്കകത്ത് കന്നു. പുറത്തു കടക്കാൻ ഒരു പഴുതുമില്ലാത്ത വിധം അവർ കോട്ട വാതിലുകൾ അധീനപ്പെടുത്തി. ചതി മനസ്സിലാക്കിയ സുൽത്താൻ അന്ത്യം വരെ ശത്രുക്കളോട് പോരാടാൻ തീരുമാനിച്ചു. ഹിന്ദു മുസ്ലിം വ്യത്യാസമില്ലാതെ ഏവരും അദ്ദേഹത്തോടൊപ്പം യുദ്ധനിരതരായി. പടയാളികൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. സമയം മഗ് രിബോടടുത്തു. വിണ്ണിലെ സൂര്യനോടൊപ്പം എങ്ങും പ്രഭ പരത്തിയ ആ സൂര്യനും അസ്തമിക്കാനടുക്കുകയായിരുന്നു. നിരലധി വെടിയുണ്ടകൾ സുൽത്താന് നേരെ പാഞ്ഞു വന്നു. അതിലൊന്ന് ആ നെഞ്ചിൽ പതിച്ചു. സുൽത്താൻ നിലത്തു വീണു. ഇതു കണ്ട ഒരു ഇംഗ്ലീഷ് ഭടൻ സുൽത്താന്റെ വജ്രം പതിപ്പിച്ച വാൾ കൈക്കലാക്കാൻ ശ്രമിച്ചു. താൻ ജീവിച്ചിരിക്കെ തന്റെ ശരീരത്തിൽ ഒരു ശത്രുവിന്റെ കൈ പെടുകയോ? സുൽത്താൻ ഒരു വിധം എഴുന്നേറ്റ് നിന്ന് തന്റെ ഖഡ്ഗം വീശി. അവന്റെ തോക്ക് രണ്ട് കഷണമായി. മറ്റൊരുത്തൻ ചത്തു വീണു. ഇതിനിടെ മറ്റൊരു വെടിയുണ്ട പാഞ്ഞു വന്നു. അത് സുൽത്താന്റെ ചെവിയുടെ മീതെ പതിച്ചു. ആ പുണ്യ ശരീരം ഭൂമിയിലേക്ക് പതിക്കുമ്പോൾ അധരങ്ങൾ ഇപ്രകാരം ചലിക്കുന്നുണ്ടായിരുന്നു." ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ"
    പിറ്റേന്ന് അസറോടെ സുൽത്താന്റെ ഭൗതിക ശരീരം മറമാടുന്നതിനായി കൊണ്ടു വന്നു. ഖാളീ സാഹിബ് മയ്യിത്ത് നമസ്കരിച്ചു. അദ്ദേഹം തന്നെയാണ് പ്രാർത്ഥനയും നിർവഹിച്ചത്. കടുത്ത വേനലായിട്ടും ശക്തമായ ഇടിയോടെ ആകാശം മഴ ചൊരിഞ്ഞു. അപ്പോഴാണ് സുൽത്താനോടുള്ള ആദരസൂചകമായി വെള്ളപ്പട്ടാളക്കാർ ആചാര വെടിയുതിർത്തത്. അതിനേക്കാൾ ആയിരമിരട്ടി ശബ്ദമുള്ള ഇടിനാദത്തിനു മുന്നിൽ അവരുടെ വെടിയുടെ പകിട്ട് നഷ്ടപ്പെട്ടു. ആർക്ക് വേണം ആ തെമ്മാടികളുടെ ആദരവ്.
   ടിപ്പുവിന്റെ മരണശേഷം സമ്പത്ത് മുഴുവൻ ശത്രുക്കൾ കൈക്കലാക്കി. അദ്ദേഹത്തിന്റെ ബന്ധുക്കളെയെല്ലാം തടവിലാക്കി. സുൽത്താനെ ചതിച്ചവർക്ക് അല്ലാഹു ഇഹത്തിൽ തന്നെ ശിക്ഷ നൽകി. കുഷ്ടരോഗം ബാധിച്ചാണ് അവരിലൊരാൾ മരിച്ചത്. മറ്റൊരുത്തന് ഭ്രാന്തു പിടിച്ചു. നായ്ക്കൾ പോലും ശവത്തിനടുത്തേക്ക് അടുക്കാൻ മടിക്കുന്ന തരത്തിലുള്ള അന്ത്യമായിരുന്നു മറ്റൊരാളുടെത്. 
    ചുരുക്കത്തിൽ മാതൃരാജ്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി സ്വരക്തം കൊണ്ട് കവിത രചിച്ച സുൽത്താൻ നൂറു ദിവസം കുറുക്കനെപ്പോലെ ജീവിക്കുന്നതിനേക്കാൾ ഒരു ദിവസം സിംഹത്തെപ്പോലെ ജീവിക്കുന്നതാണെനിക്കിഷ്ടമെന്ന സ്വന്തം വാക്കുകൾ അന്വർത്ഥമാക്കുകയായിരുന്നു. എന്നാൽ ആ പുണ്യാത്മാവിന് ചരിത്രത്തിൽ സമർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്നത് ഖേദകരമാണ്. കേട്ടതെല്ലാം അപ്പാടെ വിഴുങ്ങി അതേപടി കൊട്ടിഘോഷിക്കുകയും ചെയ്യുന്ന പതിവു ശൈലിയിൽ നിന്നും വിട്ടകന്ന് ലോകമെമ്പാടും സുൽത്താൻ പുനർവായനക്ക് വിധേയമാക്കപ്പെടുമ്പോൾ ആ വ്യക്തിവൈഭവത്തിന്റെ നേർചിത്രം മനസ്സിലാക്കിയെടുക്കാനും മനസ്സിലാക്കിക്കൊടുക്കാനും ഇനിയെങ്കിലും നാം തയ്യാറാകേണ്ടതുണ്ട്.

മറ്റു ചില ബ്ലോഗുകൾ:


 ★ നിമിഷങ്ങൾ വിലപ്പെട്ടതാണ്

  ★ നാനൂതയിലെ പൂനിലാവ്

Thursday, November 17, 2016

നിമിഷങ്ങൾ വിലപ്പെട്ടതാണ്

നിമിഷങ്ങൾ വിലപ്പെട്ടതാണ്



സമയം വിലപ്പെട്ടതാണെന്നതിൽ സംശയമുണ്ടോ...? ഏയ്..നമുക്ക് നിസ്സംശയം പറയാം അത് വിലപ്പെട്ടത് തന്നെ.. എന്തുകൊണ്ട്..? കഴിഞ്ഞു പോയ സമയം തിരികെ കിട്ടാത്തതു കൊണ്ട്...നമ്മുടെ ആയുസ്സിന്റെ അളവ് നമുക്കറിയാത്തതുകൊണ്ട്...അതെ ഓരോ മിനിട്ടും വിലപ്പെട്ടതാണ്. നിന്റെ ജീവിതത്തിൽ നീ പാഴാക്കിക്കളഞ്ഞ ഓരോ മിനിട്ടിനെക്കുറിച്ചും നീ ചിന്തിക്കുക. അതിൽ നിനക്ക് എന്തൊക്കെ നേടാൻ കഴിയുമായിരുന്നുവെന്ന്..അല്പം മനസ്സാന്നിധ്യത്തോടെ ഇനിയുള്ളത് വായിക്കുക. ഓരോ സെക്കന്റുകളുടെയും മൂല്യം നിന്നെ ചിന്തിപ്പിച്ചേക്കാം തിരുത്തിയേക്കാം...

★ ഒരു മിനിട്ടിനുള്ളിൽ നിനക്ക് സൂറത്തുൽ ഫാതിഹ ഏഴു പ്രാവശ്യം പാരായണം ചെയ്യാൻ കഴിയും. സൂറത്തുൽ ഫാത്തിഹ ഒരു പ്രാവശ്യം പാരായണം ചെയ്യുന്നതിലൂടെ 1400 ലധികം നന്മകൾ നേടാൻ കഴിയുമെന്ന് പറയപ്പെടുമ്പോൾ നീയതിനെ ഏഴു പ്രാവശ്യം പാരായണം ചെയ്യുമ്പോൾ നിനക്ക് കിട്ടിയത് 9800 ലധികം നന്മകൾ..! വെറും ഒരു മിനിട്ടിലാണെന്നോർക്കണം....

★ മിനിട്ടിൽ സൂറത്തുൽ ഇഖ് ലാസ് ( ഖുൽ ഹുവല്ലാഹു...) 20 തവണയെങ്കിലും പാരായണം ചെയ്യാം. അത് ഒരു തവണ പാരായണം ചെയ്താൽ ഖുർആനിന്റെ മൂന്നിലൊന്ന് പാരായണം ചെയ്യുന്നതിന് സമാനമത്രെ. അത് 20 തവണയാകുമ്പോൾ എത്ര പ്രതിഫലമെന്ന് ചിന്തിക്കുക..

★ വിശുദ്ധ ഖുർആനിന്റെ ഒരു പേജെങ്കിലും ഒരു മിനിട്ട് കൊണ്ട് പാരായണം ചെയ്യാം. ഒരു ഹർഫിന് പത്ത് നന്മകൾ വെച്ച് ഒരു പേജിന്...!

★ ഒരു ചെറിയ ആയത്ത് നിനക്ക് മനപാഠമാക്കാം. അതും മഹത്വത്തിൽ ചെറുതൊന്നുമല്ല...

★ഈ ദിക്ർ 
( لااله الا الله وحده لا شريك له،له الملك وله الحمد وهو علي كل شيئ قدير)
 നിനക്ക് 20 വട്ടം ചൊല്ലാം. അപ്പോൾ നീ ഇസ്മാഈൽ (അ) ന്റെ സന്താനങ്ങളിൽപ്പെട്ട  8 അടിമകളെ മോചിപ്പിച്ചവനെപ്പോലെയായി.

★ മിനിട്ട് ഒന്നിൽ سبحان الله وبحمده എന്ന ദിക്ർ 100 പ്രാവശ്യം ചൊല്ലാൻ കഴിയും. കടലിലെ നുരകൾക്ക് സമാനമാണെങ്കിൽ പോലും നിന്റെ ചെറുപാപങ്ങൾ പൊറുക്കപ്പെടും...

★ ഒരു മിനിട്ട് സമയം കൊണ്ട്  سبحان الله وبحمده سبحان الله العظيم അൻപത് പ്രാവശ്യം ചൊല്ലാൻ സാധിക്കുന്നു. അവകളാകട്ടെ നാവുകൾക്ക് കനം കുറഞ്ഞത്...മീസാനിൽ കനം തൂങ്ങുന്നത്...റഹ്മാനായ അല്ലാഹുവിന് ഇഷ്ടമുള്ളത്..!

★ ഈ ദിക്ർ (لا حول ولا قوة الا بالله) 40 ലധികം ചൊല്ലാം. അത് സ്വർഗീയ നിധികളിൽ പെട്ട ഒരു നിധിയത്രെ...

★ ശഹാദത്തിന്റെ വചനം ലാഇലാഹ ഇല്ലല്ലാഹ് ഏകദേശം 50 പ്രാവശ്യമെങ്കിലും ചൊല്ലാൻ കഴിയും. തൗഹീദിന്റെ പരിശുദ്ധമായ വചനമാണത്. ആരുടെയെങ്കിലും അന്ത്യവചനം അതായി തീർന്നാൽ അവൻ സ്വർഗത്തിലെത്തുമെന്നാണ് തിരുവചനം. വിവരണാതീതമാണ് അതിന്റെ മഹത്വങ്ങൾ...

★ ഒരു തസ്ബീഹിന്റെ പ്രതിഫലത്തേക്കാൾ ഇരട്ടിയായ പ്രതിഫലങ്ങൾ നേടിത്തരുന്ന ഈ തസ്ബീഹ്  
سبحان الله وبحمده، عدد خلقه، ورضا نفسه، وزنة عرشه، ومداد كلماته
   മിനിട്ടിൽ 15 പ്രാവശ്യം നിനക്ക് ചൊല്ലാം...

★ അസ്തഗ്ഫിറുല്ലാഹ് എന്ന വചനം 100 ൽ കുറയാതെ നിനക്ക് ചൊല്ലാൻ കഴിയും. ഇസ്തിഗ്ഫാറിന്റെ നേട്ടങ്ങൾ ചെറുതൊന്നുമല്ല. പാപമോചനത്തിനും സ്വർഗപ്രവേശനത്തിനും ജീവിതാഭിവൃദ്ധിക്കും കാരണവും മുഴുവൻ പ്രതിസന്ധികൾക്കുള്ള പരിഹാരവുമാണ്...

★ കുറഞ്ഞത് ഒരു 50 സ്വലാത്തെങ്കിലും നിനക്ക് ചൊല്ലാനാകും. പകരം അല്ലാഹു നിന്റെ മേൽ ചൊരിയുന്നത് 500. ഒന്നിന് പകരം പത്താണല്ലോ...

★ അല്ലാഹുവിന്റെ അത്ഭുത സൃഷ്ടികളെക്കുറിച്ച് നിനക്കല്പം ചിന്തിക്കാം...

★ അവന് നന്ദി ചെയ്യുന്നതിലും അവനിൽ ഇഷ്ടം വെക്കുന്നതിലും അവനെ ഭയപ്പെടുന്നതിലും അവനിൽ പ്രതീക്ഷ വെക്കുന്നതിലുമായി നിന്റെ ഹൃദയത്തെ നിനക്ക് തിരിച്ചു വിടാം...

★ ഒരു മിനിട്ട് കൊണ്ട് പ്രയോജനപ്രദമായ രചനകൾ രണ്ടു പേജെങ്കിലും നിനക്ക് വായിച്ചു തീർക്കാം...

★ കോൾ വഴിയോ മെസേജ് മുഖാന്തിരമോ നിനക്ക് കുടുംബബന്ധം ഊട്ടിയുറപ്പിക്കാം....

★ കൈകളുയർത്തി റബ്ബിനോടല്പം പ്രാർത്ഥിക്കാം...

★ പലരോടും നിനക്ക് സലാം പറയാം,അവരെ മുസാഫഹ ചെയ്യാം...

★ നന്മ കല്പിക്കാനും തിന്മ തടയാനും നിന്റെ സഹോദരന് ഒരു ഉപദേശം നൽകാനും നന്മക്ക് വേണ്ടി ശുപാർശ ചെയ്യാനും നിനക്ക് കഴിയും...

★ വഴിയിൽ നിന്നും ഉപദ്രവകാരിയായ ഒരു വസ്തുവിനെ നിനക്ക് നീക്കം ചെയ്യാം...

 ഇങ്ങനെ എത്രയെത്ര നന്മകളാണ് ഓരോ മിനിട്ടിലും നമുക്ക് നേടിയെടുക്കാൻ കഴിയുക. അതുവഴി നിന്റെ പദവികൾ ഉയർത്തപ്പെടുന്നു. നന്മകൾ വർധിക്കുന്നു. തിന്മകൾ മായ്ക്കപ്പെടുന്നു. സ്വർഗവാസികളുടെ പട്ടികയിൽ നീയും പേര് ചേർക്കപ്പെടുന്നു. നരക വാസികളുടെ ലിസ്റ്റിൽ നിന്നും നീ ഒഴിവാക്കപ്പെടുന്നു. ഇങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക..
       ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...ഇഖ് ലാസും തഖ് വയുമാണ് നിന്റെ നേട്ടങ്ങളുടെ എണ്ണവും വണ്ണവും നിയന്ത്രിക്കുന്നത്....