Tuesday, January 30, 2018

ദുഃഖിക്കരുത്; അല്ലാഹു നമ്മോടൊപ്പമുണ്ട്




ആഴക്കടലില്‍ തെന്നിനീങ്ങുന്ന ഉരു കണക്കെ സഞ്ചരിക്കുന്ന നമ്മിലേക്ക് പ്രശ്‌നങ്ങളും പ്രയാസങ്ങളും കൂറ്റന്‍ തിരമാലകളെപ്പോലെ മുന്നിട്ടു വരുമ്പോള്‍ പരിഹാരമൊന്നുമില്ലെന്നു വന്നാല്‍, വാതിലുകളെല്ലാം അടയുമ്പോള്‍, പ്രതീക്ഷകള്‍ മുഴുവന്‍ അസ്തമിക്കുമ്പോള്‍ ഇരുകൈകളും അല്ലാഹുവിലേക്കുയരുന്നു; നാമറിയാതെ വിളിച്ചുപോകും: നാഥാ..! അല്ലാഹു പറഞ്ഞതും അതു തന്നെ. 'അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചാരസൗകര്യം നല്‍കുന്നത്. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റു നിമിത്തം യാത്രക്കാരെയും കൊണ്ട് അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ് അവര്‍ക്കു വന്നെത്തി. എല്ലായിടത്തു നിന്നും തിരമാലകള്‍ അവരുടെ നേര്‍ക്കു വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു.'(യൂനുസ്)
ചിലപ്പോഴൊക്കെ, മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ നമ്മിലേക്കു വരുമ്പോള്‍ 'അല്ലാഹു നമ്മോടൊപ്പമുണ്ട് ' എന്ന ചിന്ത നമ്മില്‍ അന്യമാകുന്നു. അവസാനം അവനല്ലാതെ മറ്റൊരു അഭയവുമില്ല, പ്രാര്‍ഥന കൊണ്ടല്ലാതെ ഒരു രക്ഷയുമില്ല എന്നാകുമ്പോള്‍ നാം അവനിലേക്കു തിരിയുന്നു. എന്നാല്‍, നാം അങ്ങനെയല്ല വേണ്ടത്. മറിച്ച് സന്തോഷ സന്താപങ്ങളിലെല്ലാം അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന ചിന്ത നമ്മിലുണ്ടാകണം. ഭാര്യയെയും പിഞ്ചുമകനെയും വിജനമായ മരുഭൂമിയില്‍ വിട്ടിട്ട് ഇബ്‌റാഹീം (അ) മടങ്ങുമ്പോള്‍, ഇത് അല്ലാഹുവിന്റെ കല്‍പനയാണെങ്കില്‍ അവന്‍ ഞങ്ങളെ സംരക്ഷിച്ചുകൊള്ളും എന്നാണ് അവിടുത്തെ പത്‌നി പറഞ്ഞത്. നംറൂദിന്റെ തീക്കുണ്ഡത്തില്‍ അകപ്പെട്ട ഇബ്‌റാഹീം (അ), അല്ലാഹു എനിക്ക് മതിയായവനാണെന്നു പറഞ്ഞു സമാധാനമടയുകയും ചെയ്തു. ഫിര്‍ഔനിന്റെയും  കിങ്കരന്മാരുടെയും പിടിയിലകപ്പെടുമെന്ന് ആശങ്കാകുലരായ തന്റെ ജനതയോട് മൂസാ നബി പറഞ്ഞു:  'ഒരിക്കലുമില്ല തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്.' മദീനയിലേക്കുള്ള യാത്രാമദ്ധ്യേ ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഹിറാ ഗുഹയില്‍ തങ്ങിയ തങ്ങളെ ശത്രുക്കള്‍ കണ്ടുപിടിച്ചേക്കുമോ എന്ന് ഭയപ്പെട്ട അബൂബക്കര്‍ (റ) നോട് നബി (സ) പറഞ്ഞതും 'നീ ദുഃഖിക്കേണ്ട; അല്ലാഹു നമ്മോടൊപ്പമുണ്ട് ' എന്നായിരുന്നല്ലോ. 
ചുരുക്കത്തില്‍, വിഷമതകള്‍ക്ക് ഒരവസാനവും ഇല്ല എന്ന ചിന്തയാണ് നമ്മുടെ ഏറ്റവും വലിയ പിഴവ്. എന്നാല്‍ പ്രയാസങ്ങള്‍ക്കൊപ്പം എളുപ്പവും ഉണ്ടെന്നോര്‍ക്കുക. കൊടുംതമസ്സിനു ശേഷം എത്ര പെട്ടെന്നാണ് പൊന്‍പുലരി കടന്നുവരുന്നത്. അന്ധകാരത്തിന്റെ ബുദ്ധിമുട്ടുകള്‍ അതോടെ നീങ്ങുന്നു. വേനല്‍ ചൂടിനു സമാപ്തിയായി ആകാശം ഭൂമിയെ നനയ്ക്കുന്നു. മരുഭൂമികളുടെ അവസാനം മരുപ്പച്ചയിലാണ്. ഭയം നിര്‍ഭയത്വത്തിലും ദുഃഖം സന്തോഷത്തിലും നിരാശ പ്രത്യാശയിലും ക്ലേശം സുഖത്തിലുമാണവസാനിക്കുക. കൊടുംചൂടുള്ള തീയെ തണുപ്പിക്കുകയും ആര്‍ത്തിരമ്പുന്ന തിരമാലകളെ കീറിമുറിച്ച് വഴികളുണ്ടാക്കുകയും ചെയ്ത് പ്രവാചകന്മാരെ രക്ഷപ്പെടുത്തിയ ജഗനിയന്താവായ നാഥന്‍ അവനില്‍ പ്രതീക്ഷ വെക്കുവോളം നമ്മുടെ ജീവിതത്തിലും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ഉണ്ടാക്കാതിരിക്കുകയില്ല.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം, അവന്‍ നിരാശ വെടിയേണ്ടവനും പ്രതീക്ഷ കൈമുതലാക്കേണ്ടവനുമാണ്. അവന്റെ ജീവിതയാത്രയില്‍ പ്രതിസന്ധികള്‍ അനവധി അവനു തരണം ചെയ്യേണ്ടിവന്നേക്കാം. രോഗപീഡയോ സാമ്പത്തികനഷ്ടമോ  ഉറ്റവരുടെ വേര്‍പാടോ ഒക്കെ വരുമ്പോഴും എല്ലാം അല്ലാഹുവിന്റെ പരീക്ഷണമാണെന്നു പറഞ്ഞ് മനസ്സിനെ സമാധാനിപ്പിക്കലാണു വേണ്ടത്.
ദാരിദ്ര്യവും നമ്മെ വിഷമിപ്പിക്കരുത്. പാവപ്പെട്ടവനായിരിക്കാനാണ് ലോകത്തിന്റെ നായകന്‍ നബി (സ) ആഗ്രഹിച്ചത്. തങ്ങള്‍ ജീവിച്ചു കാണിച്ചതും അപ്രകാരംതന്നെ. തങ്ങള്‍ ദുആ ചെയ്യുമായിരുന്നു. 'അല്ലാഹുവേ! എന്നെ നീ പാവപ്പെട്ടവനായി ജീവിപ്പിക്കുകയും പാവപ്പെട്ടവനായി മരിപ്പിക്കുകയും അവരുടെ കൂട്ടത്തില്‍ ഉയര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യേണമേ.' ഒരിക്കല്‍ അല്ലാഹു പ്രവാചകരോട്, തങ്ങള്‍ക്കിഷ്ടമാണെങ്കില്‍ മക്കാമുകര്‍റമയുടെ മലഞ്ചെരിവുകള്‍ സ്വര്‍ണം കൊണ്ട് നിറയ്ക്കാം എന്നറിയിച്ചപ്പോള്‍, ഒരു ദിവസം ആഹാരം കഴിച്ചു നന്ദി രേഖപ്പെടുത്താനും അടുത്ത ദിവസം പട്ടിണി സഹിച്ചു ക്ഷമിക്കാനുമാണ് ആഗ്രഹമെന്നു തങ്ങള്‍ അരുളുകളുണ്ടായി. തുടര്‍ച്ചയായ എത്രയെത്ര രാവുകളാണ് തിരുദൂതര്‍ അത്താഴം കഴിക്കാതെ ഒഴിഞ്ഞ വയറുമായി കഴിച്ചുകൂട്ടിയത്! തിരുഭവനത്തില്‍ അടുപ്പു കത്തിക്കാതെ രണ്ടുമാസം വരെ കഴിഞ്ഞു പോകുമായിരുന്നു. അന്നാളില്‍ കാരയ്ക്കയും വെള്ളവും അയല്‍വാസികളായ അന്‍സാരികള്‍ നല്‍കുന്ന പാലും ആയിരുന്നു തിരുദൂതരുടെയും കുടുംബത്തിന്റെയും ഭക്ഷണം. അതുകൊണ്ടുതന്നെ, നിന്റെ വയറടക്കാന്‍ ഒന്നും ലഭിക്കുന്നില്ലെന്നു വന്നാല്‍ അല്ലാഹു നിന്നെ തഴഞ്ഞിരിക്കുന്നുവെന്നു നീ വിചാരിച്ചു പോകരുത്. മറിച്ച്, നീ അവന്റെയടുക്കല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്നു സന്തോഷപ്പെടുക.
നമ്മുടെ ദുഃഖ കാരണമായി രോഗവും മാറാന്‍ പാടില്ല. മിസ്‌റിലെ അസീസിന്റെ പത്‌നി വിളിച്ചുവരുത്തിയ സ്ത്രീകള്‍ കൈയിലിരുന്ന പഴങ്ങള്‍ക്കു പകരം കൈവിരലുകള്‍ ഛേദിച്ചുകളഞ്ഞു. സുന്ദരനായ യൂസുഫ്(അ)ന്റെ സൗന്ദര്യത്തിനു മുന്നില്‍ അവര്‍ക്കു വേദന അനുഭവപ്പെട്ടതേയില്ല. അപ്രകാരം, അല്ലാഹു നമ്മോടൊപ്പമുണ്ടെന്ന ചിന്ത കൊണ്ടുണ്ടാകുന്ന മനസ്സമാധാനം നമ്മുടെ നോവുകളേക്കാള്‍ മികച്ചു നില്‍ക്കണം. ഡോക്ടര്‍ ഡെയ്ല്‍ കാര്‍നെഗി ഒരു രോഗിയുടെ കഥ പറയുന്നുണ്ട്. ഇനി നിമിഷങ്ങള്‍ മാത്രമാണ് അയാളുടെ ആയുസ്സെന്നും ശവദാഹത്തിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിക്കൊള്ളുക എന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍, തന്റെ കാലം കഴിയാറായെന്ന് മനസ്സിലാക്കി ഒരു നീണ്ട യാത്ര പോകാന്‍ അയാള്‍ തീരുമാനിച്ചു. വൈദ്യന്മാര്‍ക്കു മുന്നില്‍ തന്റെ തീരുമാനം അറിയിച്ചു. ആഴക്കടലില്‍ നിന്നെ മറവുചെയ്യേണ്ടിവരുമെന്നു പറഞ്ഞ വൈദ്യന്‍മാരോട്,  ഞാന്‍ മടങ്ങി വരുമെന്നും കുടുംബശ്മശാനത്തില്‍ തന്നെ മറമാടപ്പെടുന്നും എന്റെ കുടുംബത്തോട് ഞാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട് എന്ന് ആത്മവിശ്വാസത്തോടെ അയാള്‍ മറുപടി നല്‍കി. അങ്ങനെ അയാള്‍ യാത്ര പുറപ്പെട്ടു. നല്ലതുപോലെ ആഹാരം കഴിച്ചു. നാളിതുവരെ ഉപേക്ഷിച്ചുപോന്ന കൊഴുപ്പുള്ള ഭക്ഷണവും അക്കൂട്ടത്തിലുണ്ടായിരുന്നു. താന്‍ പൂര്‍വ്വാധികം സുഖമായിരിക്കുന്നുവെന്ന് ഭാര്യയോട് വിവരമറിയിക്കുകയും ചെയ്തു. നാളുകള്‍ക്കു ശേഷം മടങ്ങിവന്ന അദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അയാളുടെ രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടതായി അവര്‍ക്ക് മനസ്സിലായി.
ചിലപ്പോഴൊക്കെ മരുന്നുകളേക്കാള്‍ രോഗികള്‍ക്ക് ഫലം ചെയ്യുന്നത് മനശ്ശാന്തി ആണെന്ന് വൈദ്യലോകം വിലയിരുത്തുമ്പോള്‍ അതിനുള്ള ഏറ്റവും ഫലപ്രദമായ ഒറ്റമൂലി ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു;ദൈവസ്മരണയാണത്. ആ മരുന്നുകൊണ്ട് വേദനകളെ മറക്കുവാനും അല്ലാഹുവുമായുള്ള ബന്ധത്തിലെ ആത്മീയാനുഭൂതിയില്‍ ലയിച്ചുചേരാനും നമുക്ക് കഴിയും. 
പാപങ്ങളൊക്കെ പൊറുക്കപ്പെടുമോ എന്നാണ് ചിലരുടെയൊക്കെ ആശങ്ക. ''നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെത്തൊട്ട് നിരാശരാവരുത്' എന്ന അല്ലാഹുവിന്റെ സാന്ത്വനത്തിനു മുന്നില്‍ നമ്മുടെ ഈ ചിന്തയ്ക്ക് എന്തു പ്രസക്തി? അതുകൊണ്ട് നമുക്ക് അവനിലേക്കു മടങ്ങാം. നാമും നമുക്കുള്ളതുമെല്ലാം അവന്റേതു തന്നെ. അവന്റെ പരീക്ഷണങ്ങളില്‍ വലിയ വിജയങ്ങള്‍ നമുക്കു പ്രതീക്ഷിക്കാം. മഹത്തായ ഒരു വിജയം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു വിദ്യാര്‍ത്ഥി തന്റെ പരീക്ഷയില്‍ പങ്കെടുക്കുന്നത്. അല്ലാഹുവിന്റെ സമ്മാനങ്ങളേക്കാള്‍ വലിയ സമ്മാനം മറ്റെന്തുണ്ട്..?

No comments:

Post a Comment